Thursday 22 August 2013

റമദാൻ മാസത്തിന്റെ ആർജ്ജവം ഉൾകൊണ്ട യാത്ര. ആലംകോട് നസീർ
നാനാത്വത്തിൽ ഏകത്വം എന്ന പോലെ വിവിധ പുതിയ ഇസ്ലാമിക തത്വ ചിന്തകർ / ക്രാന്തി വാദികൾ / ഞങ്ങളുടെ പ്രാർത്ഥനയാണ് അള്ളാഹു കേൾക്കുന്നത് , ഞങ്ങളുടെ പ്രവർത്തികളും വസ്ത്ര ധാരണവും ആണ് ശരി എന്ന് നിലവിളിക്കുന്നവർ  "എല്ലാവരും " നോമ്പിന്റെ കാര്യത്തിലെങ്കിലും ഒരേ പോലെ ആയിരുന്നു എന്ന് ഏകദേശം പറയാം.
ഖുർആൻ പാരായണത്തിലൂടെയും , പ്രത്യേക നമസ്കാരങ്ങളിൽ കൂടിയും ,ആഹാര ക്രമീകരണത്തിലൂടെയും കിട്ടിയ ശാരീരികവും മാനസികവുമായ ആർജ്ജവം മനസ്സിനെയും ശരീരത്തെയും പുണ്യ ഗേഹങ്ങളിലെക്ക് ആകർഷിച്ചു ,അവസാന ദിവസങ്ങളിലെ വൃദ അനുഷ്ടാനവും ,ഈദ് നമസ്കാരവും പരിശുദ്ധ കഅബ യുടെ അടുത്ത് നിന്ന് തന്നെ നിർവഹിക്കാൻ കഴിഞ്ഞതിൽ വല്ലാത്ത ചാരുത ഉണ്ടായി.
മഹത്തായ ഇസ്ലാമിക ചരിത്രങ്ങൾ ഉറങ്ങുന്ന ഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ ,മാനവരാശിയുടെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ളതും ഉണ്ടാകേണ്ടതും ആയ ഭൂമി ,അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തച്ചുടച്ചു ലോക ജനതയ്ക്ക് ശരിയായ വെളിച്ചം നല്കിയ മഹാരഥൻമാർ യാത്ര ചെയ്ത ആ ഭൂമിയിലൂടെ ആണല്ലോ ഞാനും ഈ യാത്ര ചെയ്യുന്നത് എന്നതിൽ അഭിമാനം തോന്നി. വാഹന സൗകര്യങ്ങൾ ഇല്ലായിരുന്ന ആ കാലഘട്ടത്തിൽ കിലോമീറ്ററുകൾ കടന്നു ഈ സാംസ്‌കാരിക വിജയം വരിച്ചവരുടെ ഈ പാത ....!!! ബദർ,ജബൽ അന്നൂർ ,ഹീറാ ഗുഹ ,ജബൽ രഹമ,അറഫ ,മിന ,മുസ്ഥലിഫ ,ഉഹുദും,ഖുബ പള്ളിയും ,മസ്ജിദുൽ ഖിബിലതൈൻ എന്നിവ എല്ലാം ഇസ്ലാമിന്റെ വിജയത്തിന്റെ  വെളിച്ചം നല്കുന്ന പാതകളുടെ ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങൾ. അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ:അ ),അബൂബക്കർ സിന്ധീഖ് (റ :അ ) ,ഉമർ  ബിൻ ഖതാബ്‌ (റ :അ ) എന്നിവരുടെ കബറിടം സ്ഥിതി ചെയ്യുന്ന മദീന പള്ളി , ആ വെള്ള കൊട്ടാരം കണ്ടാൽ തന്നെ മനസ്സിന് കുളിർമ ഉണ്ടാകും എന്നതിൽ സംശയം ഇല്ല .
ഇപ്പോൾ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്രമുറങ്ങുന്ന സ്ഥലമാണ്‌ അൽ ഹജർ എന്നറിയപ്പെടുന്ന "മദാ ഇൻ സലിഹ് "മദീനയിൽ നിന്നും നാന്നൂറ് കിലൊമീറ്റർ തബൂക് ,അൽ ഹൈൽ ഭാഗത്ത് അൽ ഉല എന്ന സ്ഥലത്താണ്    " മദാ ഇൻ സലിഹ് "

ഈസാ നബിക്ക് മുമ്പ് 9 BCE യിൽ നെബോട്യൻ രാജാവ് അൽ ഹരിതിന്റെ കാലഘട്ടത്തിലുള്ള പാറയിൽ നിർമിച്ച കൊട്ടാരവും,ദീവാനും ,മുറികളും മറ്റും ഇപ്പോഴും അവിടെ കാണാവുന്നതാണ്. കൂടാതെ ആ കാലഘട്ടത്തിലെ നാണയങ്ങളുടെ ചിത്രവും മറ്റും വിശദീകരിച്ചു പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ,ഖുറാനിൽ പറഞ്ഞിരിക്കുന്ന  തമുദ് ഗോത്രത്തിൽ ഉള്ളവരും ഇവിടെ താമസിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തി കാണാം.
പാറക്കെട്ടുകൾ കൊണ്ടുള്ള കൊട്ടാരവും മറ്റു ഭാഗങ്ങളും (വെറും കൈകൾ കൊണ്ട് പാറ തുരന്നു നിർമിക്കപ്പെട്ട ഭാഗങ്ങൾ അന്നുണ്ടായിരുന്ന മനുഷ്യരുടെ കരുത്തിനെ വെളിവാക്കുന്നു) ഖുർആൻ പരാമർശിച്ചിട്ടുള്ള  തമൂദ് ഗോത്രത്തെ മുഴുവൻ ഭീകരമായ ശബ്ദ തരംഗം കൊണ്ട് അള്ളാഹു നശിപ്പിക്കപ്പെട്ട സ്ഥലം കൂടിയാണിത്.(സലിഹ് നബിയുടെ ഉപദേശം ചെവിക്കൊള്ളാതെ അനാചാരങ്ങളിലും മറ്റും ഉൾപെട്ട സമൂഹം,ഒരു പെണ്ണിന്റെ വാക്ക് കേട്ട് അല്ലാഹുവിന്റെ ഒട്ടകത്തെ കൊന്നതിന്റെയും ശിക്ഷ ആണ്)
ഈ  റമദാൻ തന്ന ആര്ജവം ഈ യാത്രയിൽ കുറെ കൂടുതൽ അറിവ് ലഭിച്ച സന്തോഷത്തിൽ ആണ്. പക്ഷെ ചില സമൂഹത്തെ നശിപ്പിക്കാൻ തുനിഞ്ഞു ഇറങ്ങിയ പോലെ “പിശാചു” ഓരോ രാജ്യമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.ഫലസ്തീൻ ,അഫ്ഗാനിസ്ഥാൻ,ഇറാക്ക് ,സിറിയ,യെമെൻ,സുഡാൻ,ഈജിപ്ത്  എന്നീ രാജ്യങ്ങളിലെ നിരപരാധികൾ കുട്ടികൾ സ്ത്രീകൾ പിടഞ്ഞു മരിക്കുന്ന കാഴ്ചകൾ,വാർത്തകൾ ... ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള പിരിമുറുക്കങ്ങൾക് ഇടയിലും ലോകത്തിന്റെ പോക്ക് കണ്ടു ഈയുള്ളവന്റെ ഹൃദയം കൂടുതൽ വേദനിക്കുന്നു. അല്ലാഹുവിന്റെ കോപം പിശാചിന്റെ മേൽ ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.....

ആലംകോട് നസീർ....




.