Friday 1 September 2017

ഹൃദയത്തിൽ സൂക്ഷിക്കാം .....


ഹൃദയത്തിൽ സൂക്ഷിക്കാം .....

കലാലയത്തിൽ നാം ജീവിക്കുകയായിരുന്നു ഞങ്ങൾ ,പരിസരം മറന്നു....   , അത് കഴിഞ്ഞും എത്രയോ ദിവസങ്ങൾ നിനക്ക് വേണ്ടി .....

അഞ്ചു വർഷം കണ്ട സ്വപ്നങ്ങൾ ആർക്കൊക്കെയോ വേണ്ടി ത്യജിക്കേണ്ടി വന്നു , സമൂഹം ,കുടുംബം ,ഏറ്റവും   അടുത്തവർക്കു പോലും നമ്മുടെ പോക്ക് അപകടമായിരുന്നു. അന്ന് വില്ലന്മാർ നമ്മുടെ കുടുബത്തിലുള്ളവർ തന്നെ എന്ന് തോന്നിയില്ലേ ....അവരുടെ കണ്ണീരും ഉപദേശങ്ങളും ബുദ്ധിപൂർവമായ പല നീക്കങ്ങളും ....നമ്മെ പരസ്പരം തെറ്റിദ്ധരിപ്പിക്കുക എന്ന കൗശലവും അവർ പ്രയോഗിച്ചത് ....ആരുടെയൊക്കെയോ നന്മക്കു വേണ്ടിയായിരുന്നില്ലേ ........ജീവിക്കാൻ കൊതിച്ച നമ്മൾ പിരിയേണ്ടി വന്നത് സാമൂഹ്യ വ്യവസ്ഥിതിയിൽ നല്ലതിന് വേണ്ടിയായിരുന്നില്ലേ ???? എല്ലാം അറിയുന്ന ബന്ധു കല്യാണം കഴിക്കാൻ തയ്യാറായപ്പോൾ കുടുംബത്തിന് ആവേശം കൂടി ........ നല്ല ജീവിതം  മുന്നോട്ട് കൊണ്ട് പോകുന്നു എന്ന് നേരിട്ട് മനസ്സിലാക്കിയപ്പോൾ ജീവിതത്തിൽ ഒരിക്കലും ഞാൻ ഒരു കല്ലുകടി ആകരുതേ  എന്ന് പ്രാർത്ഥിച്ചു. അത്രയേറെ അന്ന് ഞാൻ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.......സ്വന്തം ശരീരത്തിനോടും മനസ്സിനോടും വെറുപ്പ് തോന്നിയ വർഷങ്ങൾ ....എന്തൊക്കെയോ ചെയ്തു കൂട്ടി .....ആരൊക്കെയോ എനിക്കും ഉപദേശവുമായി വന്നു ....എന്തിനാ നിന്റെ ജീവിതം ഇങ്ങനെ ..........നിന്റെ സന്തോഷ ജീവിതത്തിനിടയിൽ , ഞാൻ ഇക്കാരണത്താൽ നശിച്ചു എന്ന് കേൾക്കുന്നത് ചിലപ്പോൾ നിനക്ക് വേദനയുണ്ടാക്കും എന്ന തോന്നലും , സമൂഹത്തിൽ കൂടി ഒറ്റപ്പെട്ടു ഒരു ഭ്രാന്തനായി ജീവിക്കേണ്ടി വരുമോ എന്നൊക്കെയുള്ള മിശ്ര വികാരങ്ങൾ എന്നെ നിന്റെ വിവാഹത്തിന്റെ നാലാം വർഷം മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കപ്പെട്ടു ........ദൂരെയെവിടെയെങ്കിലും എന്ന് നീയും ആഗ്രഹിച്ചിട്ടുണ്ടാവും ........................
നീണ്ട ഇരുപത്തേഴു വർഷങ്ങൾക്കു ശേഷം സാമൂഹ്യ മാധ്യമം വീണ്ടും ശബ്ദം കേൾക്കാൻ ഒരവസരം തന്നപ്പോൾ അറിയാതെ ഉള്ളിലെവിടെയോ ഒരു പിടച്ചിൽ ......നഷ്ടബോധത്തിന്റെ ....
കഥകൾ എല്ലാം കേട്ടപ്പോൾ മനസ്സിലായി എല്ലാം  നല്ലതിനായിരുന്നിരിക്കണം .. എന്റെ മനസ്സ് മുഴുവനും ഞാൻ തുറന്നു പറഞ്ഞു , പക്ഷെ പലതും ഇപ്പോഴും എന്നോട് ഒളിക്കുന്നു എന്ന് എന്റെ ഹൃദയം പറയുന്നു.... പ്രശ്നമില്ല ജീവിതമല്ലേ ....സ്ത്രീകൾക്ക് പലതും ഒളിക്കേണ്ടി വരും നിർബന്ധിക്കുന്നില്ല ....അതിനു എനിക്ക് അധികാരവുമില്ല........നമ്മുടെ സമൂഹത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി ഏറ്റവും അടുത്തവർക്കു വേണ്ടി .. അമ്മയുടെയും  കുടുംബത്തിലുള്ളവരുടെയും കണ്ണുനീർ വീഴാതെ സമൂഹത്തിനു മുന്നിൽ ഇപ്പോഴും തലയുയർത്തി നിൽക്കാൻ എനിക്കും നിനക്കും കഴിയുന്നു .....
നിന്നോട് സ്നേഹമില്ലാത്തതു കൊണ്ടല്ല ....രണ്ടു ജീവിതങ്ങൾ തകർക്കുന്നതിന് നമ്മളായിട്ട് കളമൊരുക്കുന്നു ...പരിധി വിട്ടു പോകുന്നു ...ഞാൻ തന്നെ ആയിരിക്കാം....അത് നിർത്താൻ ശ്രമിച്ചിട്ടും നടക്കുന്നില്ല...പിശാച് എന്നെക്കൊണ്ട് അനാവശ്യ ചിന്തകളിലേക്ക് ....അത് നല്ല ഒരു എക്സിക്യൂട്ടീവ് ജീവിതം നയിക്കുന്ന ഇയാളുടെ ജീവിതത്തിൽ  കല്ലുകടിയായി വന്നു തകർച്ചയിലേക്ക് നയിക്കും. സൗഭാഗ്യങ്ങൾ നഷ്ടപ്പെടുന്നത് കാണാൻ എനിക്കും വയ്യ. . . ഒരു പക്ഷെ ഞാൻ സന്തോഷവാനായിരിക്കും വലിയ എന്തൊക്കെയോ ഉള്ളവൻ ആയിരിക്കും എന്നൊക്കെയാവും ചിന്ത....ഉള്ള ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഞാൻ കഷ്ടപ്പെടുമ്പോൾ ,മൂന്ന് പറക്ക മുറ്റാത്ത പെൺകുഞ്ഞുങ്ങളും അവരുടെ കാര്യങ്ങൾ നോക്കാൻ വേലക്കാരിയെപോലെ  ഒരമ്മയും ....അവരെ കൂടി കണ്ണീരു കുടിപ്പിക്കാൻ എനിക്കാവില്ല .....ദൈവം നമ്മുടെ പ്രവൃത്തികൾക്കു ഭൂമിയിൽ വച്ച് തന്നെ ......ഇരുപത്തി ഏഴു വര്ഷം ഇല്ലാതിരുന്ന ആവേശം തണുപ്പിക്കാൻ എല്ലാം തകരാൻ ..ഒരു നിമിഷം   കാലയളവിൽ എപ്പോഴെങ്കിലും നമ്മോട് ഒട്ടി നിന്നവരിൽ ആരെങ്കിലും അറിഞ്ഞാൽ  മതി ...എനിക്കറിയാം വീണ്ടും ഇയാൾക്കു പറഞ്ഞിട്ടും മനസ്സിലായില്ല , അതുകൊണ്ടു .എന്നോട് ദേഷ്യമോ വൈരാഗ്യമോ എന്തെങ്കിലും ഉണ്ടായിക്കോട്ടെ ...നമ്മുടെ രണ്ടു ജീവിതങ്ങൾക്ക് വേണ്ടിയല്ലേ ....ഞാൻ തന്നെ ബന്ധം തകർക്കുന്നു...സമൂഹത്തിൽ രണ്ടു വിഭാഗത്തിൽ ഉള്ള നമ്മൾ വളരെ അകന്നു കഴിയേണ്ടവരാണ്. അതാണ് സാമൂഹിക വ്യവസ്ഥിതി .ഞങ്ങൾ മറ്റു സമുദായത്തിൽ ഉള്ളവരെ ഇഷ്ടപ്പെടുന്നു.അവരുടെ സമുദായത്തെ ബഹുമാനിക്കുന്നു. ദൈവങ്ങളെ ആരാധിക്കുന്നില്ല. നിങ്ങൾക്കു നിങ്ങളുടെ മതം . എനിക്ക് എന്റെ മതം. ജീവിതവും ഇനിയും അങ്ങനെ ആയിക്കോട്ടെ...
ഒന്നുമറിയാത്ത മക്കൾ അവരെയോർക്കുമ്പോൾ ...
ജീവിതത്തിന്റെ  ഇനിയുള്ള തുച്ഛമായ ദിവസങ്ങളിൽ  ഇനി അവർക്കു വേണ്ടി , ദൈവം നിശ്ചയിച്ചു കിട്ടിയ ഇണയോടൊപ്പം
മക്കൾക്കു വേണ്ടി....
...... വീണ്ടും കണ്ടുമുട്ടാതിരിക്കാൻ ശ്രമിക്കാം അല്ലെ .....അല്ലെങ്കിൽ മക്കളുടെ  കല്യാണമൊക്കെ കഴിഞ്ഞിട്ട് ഒരു ദിവസം ഒരു പഴയ പ്രണയ കഥ പറഞ്ഞു കൊടുക്കാം .....
അതുവരെ ......
നൊമ്പരം മനസ്സിന്റെ ഒരു കോണിൽ സുഖത്തിന്റെയോ ,ദുഃഖത്തിന്റെയോ , വിരഹത്തിന്റെയോ ഒരു വേദനയായി ഹൃദയത്തിൽ സൂക്ഷിക്കാം .....

ഹൃദയത്തിൽ സൂക്ഷിക്കാം .....

BY …. Alamcode Nazeer


Friday 25 July 2014

അക്കരപ്പച്ച

പുണ്യഭൂമിയിലെ ഭക്തി നിര്ഭരമായ തിരുഗേഹങ്ങൾ കുടുംബ സമേതം സന്ദർശിക്കുമ്പോൾ വെറുതെ ആഗ്രഹിച്ചത്‌ "ജോലി സൗദിയിൽ ആയിരുന്നു എങ്കിൽ കൂടെക്കൂടെ ഇവിടെ സന്ദർശനം നടത്താമായിരുന്നു"....

ഇരുപത് വർഷം ദുബൈയിൽ ജോലി നോക്കി കുടുംബ സമേതം നല്ല രീതിയിൽ കഴിഞ്ഞു വരുമ്പോൾ ഒരു "ട്വിസ്റ്റ്‌ "

ഒരു പക്ഷെ ആത്മീയ താൽപര്യത്തിൽ ഉപരി, ഭൗതിക സുഖത്തിനു ഉള്ള വഴിയായിരിക്കും കൂടുതൽ ആഗ്രഹിച്ചത്. അത് കൊണ്ട് തന്നെ ഈ ട്വിസ്റ്റ് ഒരിക്കലും മറക്കാൻ ആകാത്ത തിക്താനുഭവങ്ങളും തന്നു.
ദൈവ അനുഗ്രഹം എല്ലാർക്കും ഒരു പോലെ കിട്ടണം എന്നില്ലല്ലോ?
അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക്‌  കൊടുക്കുകയും എടുക്കുകയും ചെയ്യുന്നു ,അവൻ ഉദ്ദേശിക്കുന്നവനെ വലിയവനും ചെറിയവനും ആക്കുന്നു,എന്ന ഖുർആൻ വചനം(3:26) മനസ്സിൽ .

സുഹൃത്തു ആയ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ വിസക്കുള്ള പൈസ ചോദിച്ചപ്പോൾ ഞെട്ടി . എങ്കിലും , ചിലവായ പൈസ മാത്രമേ കൊടുത്തുള്ളൂ. (ഫ്രീവിസക്ക് പൈസ കൊടുത്താൽ എവിടെയും ജോലി ചെയ്യാം എന്നാണ് പഴയ കീഴ്വഴക്കം)

സുഹൃത്തുമായി ചേർന്നുള്ള ഒന്ന് രണ്ടു ബുസിനെസ്സുകൾ ഫ്ലാപ് ആയപ്പോൾ തന്നെ പെട്ടെന്ന് പൈസ ഉണ്ടാക്കണം എന്ന വ്യാമോഹം  ഇല്ലാതായി. (നിദാക്കാത്ത് നിയമം ,കൂടെ നില്കുന്നവരുടെ സുതാര്യത എന്നിവ കാരണങ്ങൾ ആണ് ).

മാധ്യമപ്രവർത്തനത്തിൽ നിന്നാൽ റിയാദിലെ അമ്പതിനായിരം വരുന്ന മലയാളികളുടെ മുമ്പിൽ മുഖപുസ്തകഹീറോആകാം .റിയാദ് വാർത്തകളിലും റിയാദ് എഡിഷൻ പത്രങ്ങളിലും. പിന്നെ ആഹാരത്തിനു കൂടുതൽ ദിവസവും " ഫ്രീ " ആയിരിക്കും .
കൂടുതൽ സമയം ചിലവഴിച്ചു കിട്ടുന്ന ചെറിയ  തുക താമസത്തിനും അവിടുത്തെ ചിലവിനും മാത്രം. ഷൈൻ ചെയ്യാൻ നിന്നാൽ മക്കളെ വളർത്തൽ അവതാളത്തിൽ ആകുമെന്ന് മനസ്സിലാക്കിയ ഞാൻ സുഹൃത്തിനോട്പറഞ്ഞു ഞാൻ വേറെ ജോലി നോക്കാം എന്ന്. അദ്ദേഹം സമ്മതിച്ചു , പെട്ടെന്ന് നല്ലൊരു ജോലികിട്ടി .

പുതിയ .നിയമപ്രകാരം ഒറിജിനൽ സ്പോൻസർ റിലീസ് തരണം. അതിനായി അവിടെ ചെന്നപ്പോൾ, വച്ചു താമസിപ്പികുകയും പിന്നീട് നിര്ബന്ധമായി അവിടെ ജോലി ചെയ്യണം എന്ന് പറയുകയും ചെയ്തു. പൈസയും കൊടുത്തു -മയക്കു മരുന്നിനു അടിമയായ അതേ സൗദിയുടെ കീഴിൽ  തന്നെ ജോലി ചെയ്യേണ്ടി വന്നു ,വല്ലാത്ത മാനസിക പീഡനങ്ങൾ അനുഭവിച്ചു. ചിലപ്പോൾ വളരെ നല്ല സ്വഭാവം , ശമ്പളം കൂട്ടി തരാം ഫാമിലി വിസ ,ഫ്ലാറ്റ് എല്ലാം വാക്കാലും ,വേണമെങ്കിൽ ലെറ്റർ അടിച്ചും തരും. (പറയുന്നത് കൊണ്ട് അടിച്ചിട്ട് ഞാൻ തന്നെ ഒപ്പിട്ടു വേടിക്കും). പക്ഷെ അതൊന്നും ഒരു ഉപയോഗവുമില്ല .മിക്കപ്പോളും ശമ്പളം കിട്ടാറില്ല . മയക്കു മരുന്ന് കൊണ്ട് കൊടുക്കുന്ന പാകിസ്ഥാനി പറയുന്നത് തന്നെ കാര്യം. എന്നെ മാനേജർ ആയി വച്ചത് പകിസ്ഥാനിക്കും മറ്റും തീരെ പിടിച്ചിരുന്നില്ല .ശമ്പളം ഇങ്ങനെ  പ്രശനം ആക്കിയാൽ എങ്ങനെ കുടുംബത്തെ കൊണ്ട് വരും. എല്ലാം കൊണ്ട് അസുഖവും വന്നു.
സാഹചര്യങ്ങൾ തന്നെ സൗദികളെ ആകെ വെറുത്തു. എങ്ങനെ എങ്കിലും നാട്ടിൽ ചെന്നാൽ മതി എന്നായി. "അസുഖം വന്നാൽ ആശുപത്രി ,മരിച്ചാൽ അടുത്തുള്ള മഖ്ബറയിൽ അടക്കും . ഒരു ദിവസം പോലും നാട്ടിൽ വിടില്ല " എന്നും കൂടി സൗദി പറഞ്ഞപ്പോൾ  ആകെ  പേടിച്ചു …..

ഒരുതരം അടിമത്വം ........!!!!

യഥാർത്ഥത്തിൽ "ആട് ജീവിതം " അഡ്വാൻസ്ട് വെർഷൻ എന്ന് പറയാം....!!!

സാമൂഹിക പ്രവർത്തകരും ,നിയമം  അറിയാവുന്നവരും ഇടപെട്ടു . രണ്ടു വര്ഷം  കഴിയാതെ  എംബസ്സിക്ക്    പോലും ഒന്നും  ചെയ്യാൻ കഴിയില്ല എന്നതാനു പ്രവാസികൾക്കുള്ള നിയമം.

പ്രഷർ 190 ;ആയി . കൂടാതെ മറ്റു ചില അസുഖങ്ങളും .ആശുപത്രിയിൽ പോയി . ഓഫീസിൽ പോകാതെ ആയപ്പോൾ ഡ്രൈവർ വന്നു കൊണ്ട് പോയി നേരിട്ട് കണ്ടു ബോധ്യമായപ്പോൾ എന്തോ നല്ല സമയത്തിന് (മയക്കു മരുന്ന് ഉപയോഗിചിട്ടില്ലയിരുന്നു എന്ന് തോന്നുന്നു ) ലീവ് തരാം എന്ന് പറഞ്ഞു .....കേൾകാത്ത  പാതി എല്ലാം ശരിയാക്കി നാട് പിടിച്ചു…………!!!!

ഗുണപാഠം 

1. പ്രലോഫനങ്ങൾ കേട്ടു അക്കര പച്ച കണ്ടു ചാടരുത്.
2. ആത്മീയതയും,ജോലിയും ഒന്നിച്ചു കൊണ്ട് പോകാൻ നോക്കരുത്
(ജോലി അവിടെ കിട്ടിയാൽ( ഭൗതിക താത്പര്യങ്ങൾക് മുൻഗണന കൊടുത്തു) പുണ്യഗേഹങ്ങളിൽ പോകാം എന്ന മനോഭാവം)  
3. ദുബായിലെ മാനുഷിക പരിഗണന, നിയമ പരിരക്ഷ ഒന്നും സൗദിയിൽ പ്രതീക്ഷിക്കരുത്.

Thursday 22 August 2013

റമദാൻ മാസത്തിന്റെ ആർജ്ജവം ഉൾകൊണ്ട യാത്ര. ആലംകോട് നസീർ
നാനാത്വത്തിൽ ഏകത്വം എന്ന പോലെ വിവിധ പുതിയ ഇസ്ലാമിക തത്വ ചിന്തകർ / ക്രാന്തി വാദികൾ / ഞങ്ങളുടെ പ്രാർത്ഥനയാണ് അള്ളാഹു കേൾക്കുന്നത് , ഞങ്ങളുടെ പ്രവർത്തികളും വസ്ത്ര ധാരണവും ആണ് ശരി എന്ന് നിലവിളിക്കുന്നവർ  "എല്ലാവരും " നോമ്പിന്റെ കാര്യത്തിലെങ്കിലും ഒരേ പോലെ ആയിരുന്നു എന്ന് ഏകദേശം പറയാം.
ഖുർആൻ പാരായണത്തിലൂടെയും , പ്രത്യേക നമസ്കാരങ്ങളിൽ കൂടിയും ,ആഹാര ക്രമീകരണത്തിലൂടെയും കിട്ടിയ ശാരീരികവും മാനസികവുമായ ആർജ്ജവം മനസ്സിനെയും ശരീരത്തെയും പുണ്യ ഗേഹങ്ങളിലെക്ക് ആകർഷിച്ചു ,അവസാന ദിവസങ്ങളിലെ വൃദ അനുഷ്ടാനവും ,ഈദ് നമസ്കാരവും പരിശുദ്ധ കഅബ യുടെ അടുത്ത് നിന്ന് തന്നെ നിർവഹിക്കാൻ കഴിഞ്ഞതിൽ വല്ലാത്ത ചാരുത ഉണ്ടായി.
മഹത്തായ ഇസ്ലാമിക ചരിത്രങ്ങൾ ഉറങ്ങുന്ന ഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ ,മാനവരാശിയുടെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ളതും ഉണ്ടാകേണ്ടതും ആയ ഭൂമി ,അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തച്ചുടച്ചു ലോക ജനതയ്ക്ക് ശരിയായ വെളിച്ചം നല്കിയ മഹാരഥൻമാർ യാത്ര ചെയ്ത ആ ഭൂമിയിലൂടെ ആണല്ലോ ഞാനും ഈ യാത്ര ചെയ്യുന്നത് എന്നതിൽ അഭിമാനം തോന്നി. വാഹന സൗകര്യങ്ങൾ ഇല്ലായിരുന്ന ആ കാലഘട്ടത്തിൽ കിലോമീറ്ററുകൾ കടന്നു ഈ സാംസ്‌കാരിക വിജയം വരിച്ചവരുടെ ഈ പാത ....!!! ബദർ,ജബൽ അന്നൂർ ,ഹീറാ ഗുഹ ,ജബൽ രഹമ,അറഫ ,മിന ,മുസ്ഥലിഫ ,ഉഹുദും,ഖുബ പള്ളിയും ,മസ്ജിദുൽ ഖിബിലതൈൻ എന്നിവ എല്ലാം ഇസ്ലാമിന്റെ വിജയത്തിന്റെ  വെളിച്ചം നല്കുന്ന പാതകളുടെ ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങൾ. അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ:അ ),അബൂബക്കർ സിന്ധീഖ് (റ :അ ) ,ഉമർ  ബിൻ ഖതാബ്‌ (റ :അ ) എന്നിവരുടെ കബറിടം സ്ഥിതി ചെയ്യുന്ന മദീന പള്ളി , ആ വെള്ള കൊട്ടാരം കണ്ടാൽ തന്നെ മനസ്സിന് കുളിർമ ഉണ്ടാകും എന്നതിൽ സംശയം ഇല്ല .
ഇപ്പോൾ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്രമുറങ്ങുന്ന സ്ഥലമാണ്‌ അൽ ഹജർ എന്നറിയപ്പെടുന്ന "മദാ ഇൻ സലിഹ് "മദീനയിൽ നിന്നും നാന്നൂറ് കിലൊമീറ്റർ തബൂക് ,അൽ ഹൈൽ ഭാഗത്ത് അൽ ഉല എന്ന സ്ഥലത്താണ്    " മദാ ഇൻ സലിഹ് "

ഈസാ നബിക്ക് മുമ്പ് 9 BCE യിൽ നെബോട്യൻ രാജാവ് അൽ ഹരിതിന്റെ കാലഘട്ടത്തിലുള്ള പാറയിൽ നിർമിച്ച കൊട്ടാരവും,ദീവാനും ,മുറികളും മറ്റും ഇപ്പോഴും അവിടെ കാണാവുന്നതാണ്. കൂടാതെ ആ കാലഘട്ടത്തിലെ നാണയങ്ങളുടെ ചിത്രവും മറ്റും വിശദീകരിച്ചു പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ,ഖുറാനിൽ പറഞ്ഞിരിക്കുന്ന  തമുദ് ഗോത്രത്തിൽ ഉള്ളവരും ഇവിടെ താമസിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തി കാണാം.
പാറക്കെട്ടുകൾ കൊണ്ടുള്ള കൊട്ടാരവും മറ്റു ഭാഗങ്ങളും (വെറും കൈകൾ കൊണ്ട് പാറ തുരന്നു നിർമിക്കപ്പെട്ട ഭാഗങ്ങൾ അന്നുണ്ടായിരുന്ന മനുഷ്യരുടെ കരുത്തിനെ വെളിവാക്കുന്നു) ഖുർആൻ പരാമർശിച്ചിട്ടുള്ള  തമൂദ് ഗോത്രത്തെ മുഴുവൻ ഭീകരമായ ശബ്ദ തരംഗം കൊണ്ട് അള്ളാഹു നശിപ്പിക്കപ്പെട്ട സ്ഥലം കൂടിയാണിത്.(സലിഹ് നബിയുടെ ഉപദേശം ചെവിക്കൊള്ളാതെ അനാചാരങ്ങളിലും മറ്റും ഉൾപെട്ട സമൂഹം,ഒരു പെണ്ണിന്റെ വാക്ക് കേട്ട് അല്ലാഹുവിന്റെ ഒട്ടകത്തെ കൊന്നതിന്റെയും ശിക്ഷ ആണ്)
ഈ  റമദാൻ തന്ന ആര്ജവം ഈ യാത്രയിൽ കുറെ കൂടുതൽ അറിവ് ലഭിച്ച സന്തോഷത്തിൽ ആണ്. പക്ഷെ ചില സമൂഹത്തെ നശിപ്പിക്കാൻ തുനിഞ്ഞു ഇറങ്ങിയ പോലെ “പിശാചു” ഓരോ രാജ്യമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.ഫലസ്തീൻ ,അഫ്ഗാനിസ്ഥാൻ,ഇറാക്ക് ,സിറിയ,യെമെൻ,സുഡാൻ,ഈജിപ്ത്  എന്നീ രാജ്യങ്ങളിലെ നിരപരാധികൾ കുട്ടികൾ സ്ത്രീകൾ പിടഞ്ഞു മരിക്കുന്ന കാഴ്ചകൾ,വാർത്തകൾ ... ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള പിരിമുറുക്കങ്ങൾക് ഇടയിലും ലോകത്തിന്റെ പോക്ക് കണ്ടു ഈയുള്ളവന്റെ ഹൃദയം കൂടുതൽ വേദനിക്കുന്നു. അല്ലാഹുവിന്റെ കോപം പിശാചിന്റെ മേൽ ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.....

ആലംകോട് നസീർ....




.

Wednesday 3 July 2013

ഓർമയിലെ ആദ്യ നോമ്പ് അനുഭവങ്ങൾ - ആലംകോട് നസീർ

ഓർമയിലെ ആദ്യ നോമ്പ് അനുഭവങ്ങൾ - ആലംകോട് നസീർ 


മദ്രസ്സ അധ്യാപകൻ  നോമ്പിന്റെ ഗുണങ്ങളും നേട്ടങ്ങളും ,പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും എന്റെ ഉമ്മ പറഞ്ഞു തന്ന ഉപദേശങ്ങളാണ് എന്റെ മനസ്സിലും ഹൃദയത്തിലും നോമ്പ് ഒരിക്കലും  മായാത്ത ചന്ദ്രക്കല പോലെ നില നില്ക്കുന്നത്. ഇസ്ലാമിലെ സാന്മാർഗ്ഗിക കാര്യങ്ങളും ചരിത്ര പരമായ പല വസ്തുതകളും എന്റെ ഉമ്മയുടെ വാക്കുകളിലൂടെ ആണ് ഇന്നും എന്റെ മനസ്സിലുള്ളത്. നല്ല ഇസ്ലാമിക പശ്ചാത്തലം കാത്തു സൂക്ഷിച്ചിരുന്ന കുടുംബത്തിൽ പിറന്ന എന്റെ ഉമ്മ പറഞ്ഞു തന്ന യൂസുഫ് നബിയുടെ ചരിത്രം വീണ്ടും കേൾകുമ്പോൾ എന്റെ ഉമ്മാന്റെ മടിയിൽ കിടന്നു കൊണ്ട് അത് ആദ്യമായി  ശ്രവിച്ചത് മനസ്സിൽ  നിന്നും മായാത്ത ചിത്രമായി നില നില്കുന്നു .

കുട്ടിക്കാലത്തെ കുസൃതികൾക്കും  അശ്രദ്ധകൾക്കും  ഇടയിൽ , നോമ്പിൻ പ്രസക്തി നമ്മുടെ മനസ്സിൽ ഊട്ടി ഉറപ്പിക്കാൻ കഴിഞ്ഞ ഉമ്മ തന്നെയാണ് എന്റെ ആദ്യത്തെ ഏറ്റവും വലിയ വിദ്യാലയം.

ആദ്യ നോമ്പ് -തല നോമ്പ് അതിന്റെ ഗുണങ്ങൾ പറഞ്ഞു തരുന്നത് കൂടാതെ വിഭവങ്ങൾ കൂട്ടുന്ന തിരക്കും കുട്ടിക്കാലത്തെ ഈ കൊതിയനു വേണ്ടിയുള്ള ഉമ്മയുടെ   പ്രലോഭന തന്ത്രങ്ങൾ ആയിരുന്നിരിക്കണം. 

ഉച്ചക്ക് ബാങ്ക് വിളി കേൾകുന്നത്‌ വരെ കളിയുടെ തിരക്കിലായിരുന്നു .ബാങ്ക് വിളി കേട്ടപ്പോൾ ഉമ്മയോട് ചോദിച്ചു എപ്പോഴാ ഉമ്മാ നോമ്പ് മുറിക്കുന്നത് എന്ന്. അത് വൈകുന്നേരം ആണ് മോനെ....ഒരു പിണക്കം കാണിച്ചു പോയി .അസർ ബാങ്ക് വിളിച്ചപ്പോൾ ഉമ്മയോട് ഓടിച്ചെന്നു ചോദിച്ചു നോമ്പ് മുറിക്കാൻ സമയമായോ എന്ന് , ഇല്ല മോനെ നമസ്കരിച്ചിട്ട്‌ നമുക്ക് നല്ല വിഭവങ്ങൾ  ഉണ്ടാക്കാം .നമസ്കരിച്ചു വന്ന ഉമ്മയുടെ അടുത്ത് നിന്നും പിന്നെ ഞാൻ മാറിയില്ല .ഓരോ മിനിറ്റിലും ഉമ്മയോട് ചോദിച്ചു കൊണ്ടിരിക്കുമെങ്കിലും നോമ്പ് കഞ്ഞി ,കിഴങ്ങ് ,മീൻ കറി ,മീൻ പൊരിച്ചത് ,കൂടാതെ പഴം പൊരിച്ചത്, സമൂസ അങ്ങനെ പൊരിപ്പു വർഗങ്ങളും ,സബർജല്ലി ,മുന്തിരി ,പഴം അങ്ങനെ കുറെ പഴ വർഗങ്ങളും കൂടി വായിൽ വെള്ളമൂറി ...
ഞാൻ എടുത്ത് തിന്നാതെ ഉമ്മ ശ്രധിക്കുന്നതോടൊപ്പം ബാങ്ക് വിളിക്കുമ്പോൾ ഇതെല്ലാം നിനക്ക് തിന്നാനുള്ളത് ആണ്. ആ സമയത്ത് പ്രാർത്ഥിച്ചു കഴിച്ചാൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നു നിനക്കറിയോ ??? ക്ഷമയില്ലാതെ ആണെങ്കിലും ഇതൊക്കെ കണ്ടു നിന്ന് നോമ്പ് മുറി സമയം സമയം ആയി. ആ ബാങ്ക് വിളി കാതോർത്ത് ഇരുന്നതും ഉമ്മയുടെ ഓതലും ഇപ്പോളും മനസ്സിൽ . എല്ലാം കൊണ്ട് നിരത്തിയതിൽ പലതും കഴിച്ചു വയറു വീർത്തു . അപ്പോൾ ഉമ്മയോട് തോന്നിയ സ്നേഹം അടുത്ത നോമ്പിനും പ്രചോദനം ആയി. തല നോമ്പ് പിടിച്ചല്ലോ എന്റെ മോൻ , നാളെ പിടിക്കണം എന്നില്ല . പക്ഷെ അസർ ബാങ്ക് വിളിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്ക് നോമ്പ് പിടിക്കണം എന്ന് വിഭവങ്ങൾ  തയാറാക്കുന്നത് കണ്ടിട്ടാണെന്ന് മനസ്സിലാക്കിയ ഉമ്മ 'ഈ കൊതിയന്റെ കാര്യം ,നിനക്ക് കൂടി ഉള്ളതാണ് ഇതെല്ലാം, പക്ഷെ നോമ്പ്കാർക്ക് ആണ് ആദ്യം . നാളെ മോനെ  നോമ്പ് പിടിപ്പിക്കാം .
അത്പറഞ്ഞപ്പോളാണ് കുട്ടിക്കാലത്തെ നോമ്പിലെ ഒരു കുസൃതി ഓർമ വരുന്നത് .നോമ്പ് പിടിക്കുന്നവർക്ക്  കൂടുതൽ പ്രാധാന്യവും സ്നേഹവും കിട്ടുമെന്ന് മനസ്സിലാക്കിയ ഞാൻ  വൈകുന്നേരം വീട്ടിൽ നിന്നും മുങ്ങി രണ്ടു കിലൊമീറ്റർ അടുത്തുള്ള ഉമ്മയുടെ കുടുംബ വീട്ടിൽ പോകും, അവിടെ ഉമ്മയുടെ ഉമ്മയും,ഉമ്മാപ്പയും -കൊച്ചു മോനെ സ്നേഹത്തോടെ സ്വീകരിക്കും . (പെണ്മക്കൾ കൂടുതലുള്ള കുടുംബത്തിലെ ആദ്യത്തെ ആണ്‍ തരി ആയതു കൊണ്ട് അവിടത്തെ രാജാവാണ്‌ ഞാൻ)നാടൻ വിഭവങ്ങളുടെ ഒരു കളിയാണ് അവിടെ. ഉമ്മാപ്പ മുറ്റത്തുള്ള തെങ്ങിൽ നിന്നും ചക്കയുടെ വലിപ്പമുള്ള വലിയ കരിക്ക് ഇട്ടു റെഡി ആക്കി തരും. കൂടാതെ "നോമ്പ് കാരനായ" ചെറിയ കള്ളനു വിഭവങ്ങൾ എത്ര തന്നാലും അവർക്ക് മതിയാവില്ല. 

തിരിച്ചു വീട്ടിലെത്തുമ്പോൾ കള്ളത്തരം കാണിച്ചതിന് ഉമ്മയുടെ ചെറിയ ശകാരം ഉണ്ടെങ്കിലും അടുത്ത ദിവസം നോമ്പ് പിടിക്കുമ്പോൾ അത് മാറി കിട്ടും. 
നോമ്പ് സമയത്ത് ഓരോ ഇസ്ലാമിക ചരിത്രങ്ങളും ,സന്മാർഗ ചിന്തകളും എന്റെ മനസ്സിൽ കൂടുതൽ ഇടം പിടിച്ചു.ഇന്നും ഒരു നോമ്പ് വിട്ടു പോയാൽ എന്തോ ഒരു വലിയ  നഷ്ടം സംഭവിച്ചത് പോലെയാണ് . ശാരീരികമായും ,മാനസികമായും,മതപരമായും സ്വന്തം ശുദ്ധീകരിക്കാൻ വർഷത്തിൽ വീണു കിട്ടുന്ന ഈ അവസരം  അതിന്റെ പൂർണ്ണ അന്തസത്തയോടെ മുഴുവൻ നിറവേറ്റാൻ കഴിഞ്ഞാൽ ഞാൻ ധന്യനായി .ഉമ്മ എന്ന ആദ്യ വിദ്യാലയം ഇതിനെല്ലാം കാരണക്കാരി ആയതിൽ ഞാനും അഭിമാനിക്കുന്നു. അവർക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും നല്കി അനുഗ്രഹിക്കട്ടെ. ആമീൻ !!!

ആലംകോട് നസീർ 
http://www.malanadutv.com/index.php/pravasi/gulf