Wednesday 3 July 2013

ഓർമയിലെ ആദ്യ നോമ്പ് അനുഭവങ്ങൾ - ആലംകോട് നസീർ

ഓർമയിലെ ആദ്യ നോമ്പ് അനുഭവങ്ങൾ - ആലംകോട് നസീർ 


മദ്രസ്സ അധ്യാപകൻ  നോമ്പിന്റെ ഗുണങ്ങളും നേട്ടങ്ങളും ,പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും എന്റെ ഉമ്മ പറഞ്ഞു തന്ന ഉപദേശങ്ങളാണ് എന്റെ മനസ്സിലും ഹൃദയത്തിലും നോമ്പ് ഒരിക്കലും  മായാത്ത ചന്ദ്രക്കല പോലെ നില നില്ക്കുന്നത്. ഇസ്ലാമിലെ സാന്മാർഗ്ഗിക കാര്യങ്ങളും ചരിത്ര പരമായ പല വസ്തുതകളും എന്റെ ഉമ്മയുടെ വാക്കുകളിലൂടെ ആണ് ഇന്നും എന്റെ മനസ്സിലുള്ളത്. നല്ല ഇസ്ലാമിക പശ്ചാത്തലം കാത്തു സൂക്ഷിച്ചിരുന്ന കുടുംബത്തിൽ പിറന്ന എന്റെ ഉമ്മ പറഞ്ഞു തന്ന യൂസുഫ് നബിയുടെ ചരിത്രം വീണ്ടും കേൾകുമ്പോൾ എന്റെ ഉമ്മാന്റെ മടിയിൽ കിടന്നു കൊണ്ട് അത് ആദ്യമായി  ശ്രവിച്ചത് മനസ്സിൽ  നിന്നും മായാത്ത ചിത്രമായി നില നില്കുന്നു .

കുട്ടിക്കാലത്തെ കുസൃതികൾക്കും  അശ്രദ്ധകൾക്കും  ഇടയിൽ , നോമ്പിൻ പ്രസക്തി നമ്മുടെ മനസ്സിൽ ഊട്ടി ഉറപ്പിക്കാൻ കഴിഞ്ഞ ഉമ്മ തന്നെയാണ് എന്റെ ആദ്യത്തെ ഏറ്റവും വലിയ വിദ്യാലയം.

ആദ്യ നോമ്പ് -തല നോമ്പ് അതിന്റെ ഗുണങ്ങൾ പറഞ്ഞു തരുന്നത് കൂടാതെ വിഭവങ്ങൾ കൂട്ടുന്ന തിരക്കും കുട്ടിക്കാലത്തെ ഈ കൊതിയനു വേണ്ടിയുള്ള ഉമ്മയുടെ   പ്രലോഭന തന്ത്രങ്ങൾ ആയിരുന്നിരിക്കണം. 

ഉച്ചക്ക് ബാങ്ക് വിളി കേൾകുന്നത്‌ വരെ കളിയുടെ തിരക്കിലായിരുന്നു .ബാങ്ക് വിളി കേട്ടപ്പോൾ ഉമ്മയോട് ചോദിച്ചു എപ്പോഴാ ഉമ്മാ നോമ്പ് മുറിക്കുന്നത് എന്ന്. അത് വൈകുന്നേരം ആണ് മോനെ....ഒരു പിണക്കം കാണിച്ചു പോയി .അസർ ബാങ്ക് വിളിച്ചപ്പോൾ ഉമ്മയോട് ഓടിച്ചെന്നു ചോദിച്ചു നോമ്പ് മുറിക്കാൻ സമയമായോ എന്ന് , ഇല്ല മോനെ നമസ്കരിച്ചിട്ട്‌ നമുക്ക് നല്ല വിഭവങ്ങൾ  ഉണ്ടാക്കാം .നമസ്കരിച്ചു വന്ന ഉമ്മയുടെ അടുത്ത് നിന്നും പിന്നെ ഞാൻ മാറിയില്ല .ഓരോ മിനിറ്റിലും ഉമ്മയോട് ചോദിച്ചു കൊണ്ടിരിക്കുമെങ്കിലും നോമ്പ് കഞ്ഞി ,കിഴങ്ങ് ,മീൻ കറി ,മീൻ പൊരിച്ചത് ,കൂടാതെ പഴം പൊരിച്ചത്, സമൂസ അങ്ങനെ പൊരിപ്പു വർഗങ്ങളും ,സബർജല്ലി ,മുന്തിരി ,പഴം അങ്ങനെ കുറെ പഴ വർഗങ്ങളും കൂടി വായിൽ വെള്ളമൂറി ...
ഞാൻ എടുത്ത് തിന്നാതെ ഉമ്മ ശ്രധിക്കുന്നതോടൊപ്പം ബാങ്ക് വിളിക്കുമ്പോൾ ഇതെല്ലാം നിനക്ക് തിന്നാനുള്ളത് ആണ്. ആ സമയത്ത് പ്രാർത്ഥിച്ചു കഴിച്ചാൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നു നിനക്കറിയോ ??? ക്ഷമയില്ലാതെ ആണെങ്കിലും ഇതൊക്കെ കണ്ടു നിന്ന് നോമ്പ് മുറി സമയം സമയം ആയി. ആ ബാങ്ക് വിളി കാതോർത്ത് ഇരുന്നതും ഉമ്മയുടെ ഓതലും ഇപ്പോളും മനസ്സിൽ . എല്ലാം കൊണ്ട് നിരത്തിയതിൽ പലതും കഴിച്ചു വയറു വീർത്തു . അപ്പോൾ ഉമ്മയോട് തോന്നിയ സ്നേഹം അടുത്ത നോമ്പിനും പ്രചോദനം ആയി. തല നോമ്പ് പിടിച്ചല്ലോ എന്റെ മോൻ , നാളെ പിടിക്കണം എന്നില്ല . പക്ഷെ അസർ ബാങ്ക് വിളിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്ക് നോമ്പ് പിടിക്കണം എന്ന് വിഭവങ്ങൾ  തയാറാക്കുന്നത് കണ്ടിട്ടാണെന്ന് മനസ്സിലാക്കിയ ഉമ്മ 'ഈ കൊതിയന്റെ കാര്യം ,നിനക്ക് കൂടി ഉള്ളതാണ് ഇതെല്ലാം, പക്ഷെ നോമ്പ്കാർക്ക് ആണ് ആദ്യം . നാളെ മോനെ  നോമ്പ് പിടിപ്പിക്കാം .
അത്പറഞ്ഞപ്പോളാണ് കുട്ടിക്കാലത്തെ നോമ്പിലെ ഒരു കുസൃതി ഓർമ വരുന്നത് .നോമ്പ് പിടിക്കുന്നവർക്ക്  കൂടുതൽ പ്രാധാന്യവും സ്നേഹവും കിട്ടുമെന്ന് മനസ്സിലാക്കിയ ഞാൻ  വൈകുന്നേരം വീട്ടിൽ നിന്നും മുങ്ങി രണ്ടു കിലൊമീറ്റർ അടുത്തുള്ള ഉമ്മയുടെ കുടുംബ വീട്ടിൽ പോകും, അവിടെ ഉമ്മയുടെ ഉമ്മയും,ഉമ്മാപ്പയും -കൊച്ചു മോനെ സ്നേഹത്തോടെ സ്വീകരിക്കും . (പെണ്മക്കൾ കൂടുതലുള്ള കുടുംബത്തിലെ ആദ്യത്തെ ആണ്‍ തരി ആയതു കൊണ്ട് അവിടത്തെ രാജാവാണ്‌ ഞാൻ)നാടൻ വിഭവങ്ങളുടെ ഒരു കളിയാണ് അവിടെ. ഉമ്മാപ്പ മുറ്റത്തുള്ള തെങ്ങിൽ നിന്നും ചക്കയുടെ വലിപ്പമുള്ള വലിയ കരിക്ക് ഇട്ടു റെഡി ആക്കി തരും. കൂടാതെ "നോമ്പ് കാരനായ" ചെറിയ കള്ളനു വിഭവങ്ങൾ എത്ര തന്നാലും അവർക്ക് മതിയാവില്ല. 

തിരിച്ചു വീട്ടിലെത്തുമ്പോൾ കള്ളത്തരം കാണിച്ചതിന് ഉമ്മയുടെ ചെറിയ ശകാരം ഉണ്ടെങ്കിലും അടുത്ത ദിവസം നോമ്പ് പിടിക്കുമ്പോൾ അത് മാറി കിട്ടും. 
നോമ്പ് സമയത്ത് ഓരോ ഇസ്ലാമിക ചരിത്രങ്ങളും ,സന്മാർഗ ചിന്തകളും എന്റെ മനസ്സിൽ കൂടുതൽ ഇടം പിടിച്ചു.ഇന്നും ഒരു നോമ്പ് വിട്ടു പോയാൽ എന്തോ ഒരു വലിയ  നഷ്ടം സംഭവിച്ചത് പോലെയാണ് . ശാരീരികമായും ,മാനസികമായും,മതപരമായും സ്വന്തം ശുദ്ധീകരിക്കാൻ വർഷത്തിൽ വീണു കിട്ടുന്ന ഈ അവസരം  അതിന്റെ പൂർണ്ണ അന്തസത്തയോടെ മുഴുവൻ നിറവേറ്റാൻ കഴിഞ്ഞാൽ ഞാൻ ധന്യനായി .ഉമ്മ എന്ന ആദ്യ വിദ്യാലയം ഇതിനെല്ലാം കാരണക്കാരി ആയതിൽ ഞാനും അഭിമാനിക്കുന്നു. അവർക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും നല്കി അനുഗ്രഹിക്കട്ടെ. ആമീൻ !!!

ആലംകോട് നസീർ 
http://www.malanadutv.com/index.php/pravasi/gulf

3 comments: